ആമസോൺ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ ടെക് ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജോലി സ്ഥിരത എത്രത്തോളം കുറവാണെന്നത് ബോധ്യപ്പെടുത്തുന്ന തീരുമാനമായിരുന്നു അത്. 17 വർഷം ജോലി ചെയ്തശേഷം പിരിച്ചുവിടൽ നടപടി നേരിട്ട ഒരു മുൻ ആമസോൺ ജീവനക്കാരൻ വൈകാരികമായ അനുഭവം പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിശ്രമിക്കാതെ മക്കൾക്കൊപ്പം സമയം പോലും ചിലവഴിക്കാതെ കമ്പനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത കാലത്തെ കുറിച്ചാണ് 34-കാരനാണ് മുൻ ആമസോൺ ജീവനക്കാരൻ ഓർമ്മിക്കുന്നത്.
ജോലി ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കാനോ, കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനോ പോലും തനിക്ക് കഴിയുമായിരുന്നില്ല. പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ കണ്ടപ്പോൾ തകർന്നുപോയി. പൊട്ടിക്കരഞ്ഞുവെന്നാണ് അദ്ദേഹം കുറിച്ചത്. എന്നാൽ, പിരിച്ചുവിടലിന് ശേഷം തനിക്ക് ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളെ കുറിച്ചും അദ്ദേഹം എഴുതുന്നു. വിവാഹ ശേഷം ആദ്യമായി തന്റെ ഭാര്യയെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിൽ സഹായിക്കുകയും മക്കളെ സ്കൂളിൽ കൊണ്ടുപോവുകയും ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കുറിച്ചു. അവരുടെ പുഞ്ചിരി വല്ലാതെ സ്പർശിച്ചു. ഒരു പക്ഷേ ഇതാണോ ജീവിതം?” എന്ന് ചിന്തിച്ചു. തുടർന്ന്, ഒരു കാപ്പി കുടിക്കുന്നതിനിടെയാണ് ഭാര്യയെ വിവരം അറിയിച്ചത്. ഒന്നിച്ച് ഈ പ്രതിസന്ധി തരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയെന്നും ആ സമയത്ത് താൻ വീണ്ടും കരഞ്ഞുപോയെന്നും അദ്ദേഹം കുറിക്കുന്നു. ജോലി ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഈ സമയം, കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിൻ്റെ പ്രാധാന്യം താൻ തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
