ഒരു കോടി സര്‍ക്കാര്‍ ജോലിയടക്കം വാഗ്ദാനങ്ങളുമായി ബിഹാറില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം പത്രികയില്‍ ഉണ്ട് . എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എല്ലാവരും ചേര്‍ന്നാണ് പറ്റ്‌നയില്‍ പ്രകടനപത്രിക പുറത്തിറക്കിയത്.
ഓരോ കുടുംബത്തിലും സര്‍ക്കാര്‍ ജോലി എന്ന മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനുള്ള എന്‍ഡിഎയുടെ മറുപടി കൂടിയായി ഇത്. ഒരു കോടി സര്‍ക്കാര്‍ ജോലികളാണ് എന്‍ഡിഎയുടെ വാഗ്ദാനം.
വര്‍ഷം ഒരു ലക്ഷം രൂപയെങ്കിലും സമ്പാദിക്കാന്‍ ഒരു കോടി സ്ത്രീകളെ പ്രാപ്തരാക്കുന്ന ലാഖ് പതി ദീദി പദ്ധതിയാണ് അടുത്തത്. സ്വയം തൊഴില്‍ കണ്ടെത്താന്‍ 2 ലക്ഷം രൂപ വരെ സ്ത്രീകള്‍ക്ക് സഹായം നല്‍കും. പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ 10 ലക്ഷം രൂപ വീതം നല്‍കും. പിന്നോക്ക വിഭവങ്ങളുടെ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയെ നിയോഗിക്കും. 25 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. പറ്റ്‌നയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ പത്രിക പുറത്തിറക്കിയതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തിന് കാത്തുനില്‍ക്കാതെ നേതാക്കള്‍ മടങ്ങി.
പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നതാണ് ആവശ്യം. അതേസമയം, മൊഖമ മണ്ഡലത്തില്‍ ജന്‍ സുരാജ് പാര്‍ട്ടി നേതാവ് ദുലാര്‍ ചന്ദ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ്.
