പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നരേന്ദ്ര മോദി ഭീരുവാണെന്നും അദ്ദേഹത്തേക്കാള്‍ ധൈര്യം വനിതയായ ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇന്ദിരാ ഗാന്ധി ഒരിക്കലും അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടില്ലെന്നും മോദി ട്രംപിനെ ഭയന്ന് യുഎസ് സന്ദര്‍ശനം പോലും ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിലെ നളന്ദയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മനുഷ്യനായാല്‍ ധൈര്യം വേണം. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെങ്കില്‍ അതിന് ധൈര്യം വേണം. അമേരിക്കന്‍ പ്രസിഡന്റ് നിരവധി തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ചു. നരേന്ദ്ര മോദിയോട് താൻ വിളിച്ച് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ പറഞ്ഞു എന്നും രണ്ട് ദിവസത്തിനകം ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചു എന്നുമാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് കളളമാണ് പറയുന്നത് എന്ന് ഒരുതവണ പറയാനുളള ധൈര്യം പോലും പ്രധാനമന്ത്രിക്കില്ല. അദ്ദേഹം നിശബ്ദനായിരിക്കുകയാണ്. മോദി അമേരിക്കയിലേക്ക് പോകേണ്ടതായിരുന്നു, ട്രംപുമായി കൂടിക്കാഴ്ചയും നടക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന് പേടിയാണ്. അമേരിക്കയിലേക്ക് പോകാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ല. എന്നിട്ട് ഇവിടെ വോട്ട് മോഷണം നടത്തുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
1971 ല്‍ ബംഗ്ലാദേശുമായുളള യുദ്ധം നടക്കുന്ന സമയത്ത് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്താനായി അവരുടെ നാവികസേനയെ അയച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവരോട് പറഞ്ഞത് ‘നിങ്ങളുടെ നാവികസേനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല, നിങ്ങള്‍ക്ക് ചെയ്യാനുളളത് നിങ്ങള്‍ ചെയ്‌തോളൂ, ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഞങ്ങളും ചെയ്യും’ എന്നായിരുന്നു. ഈ പുരുഷനേക്കാള്‍ ധൈര്യം ആ വനിതയ്ക്കുണ്ടായിരുന്നു. നരേന്ദ്രമോദി ഭീരുവാണ്’: രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിക്ക് ധൈര്യമുണ്ടെങ്കില്‍, ബിഹാറില്‍ നടക്കുന്ന ഏതെങ്കിലും റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് കളളം പറയുകയാണ് എന്ന് ഒരു തവണയെങ്കിലും പറയാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണെന്നും ബിഹാറിലെ യുവാക്കളോട് മോദി അത് പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
