Breaking News

‘കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാം’; ലുലു മാളിലെ പാർക്കിങ് ഫീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി

Spread the love

കൊച്ചി: ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് മുഖേന കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജസ്റ്റിസുമാരായ എസ് എ ധർമ്മാധികാരി, ശ്യാം കുമാർ വി എം എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചിന്റേതാണ് ഉത്തരവ്. പാർക്കിങ് തുക ഈടാക്കണമോ എന്നത്, മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് ഉള്ള കെട്ടിട ഉ‌‌‌ടമകളുടെ വിവേചനാധികാരമാണെന്ന് കോടതി നിരീക്ഷിച്ചു.

സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു
ഹൈക്കോട‌തി സിം​ഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബോസ്കോ കളമശേരി നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച് ഉത്തരവ്. കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള ബിൽഡിങ് റൂൾസ് നിയമങ്ങളുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലു മാളിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കളമശ്ശേരി നഗരസഭ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേരള മുന്‍സിപ്പാലിറ്റി ചട്ടം അനുസരിച്ച് പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് നഗരസഭ അനുമതി നൽകിയത്.

ഇടപ്പള്ളി ലുലു മാളിലെ ബേസ്മെന്‍റ് പാർക്കിങ്, മൾട്ടി ലെവൽ കാർ പാർക്കിങ് എന്നിവിടങ്ങളിലായി ഏറ്റവും നല്ല സൗകര്യങ്ങളോടെയും മികച്ച സുരക്ഷിതത്വത്തോടെയുമാണ് പാർക്കിങ് ലഭ്യമാക്കിയിരിക്കുന്നതെന്നും പാർക്കിങ് ഏരിയകൾ കൂടി ഉൾപ്പെടുത്താണ് മുൻസിപ്പാലിറ്റിക്ക് കെട്ടിട നികുതി നൽകുന്നതെന്നും ലുലു ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ന്യായമായ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ഈ തുക പാർക്കിങ് ഏരിയയുടെ പരിപാലത്തിനായാണ് ഉപയോഗിക്കുന്നതെന്നും ലുലു കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന് വേണ്ടി ​ഗവൺമെന്റ് പ്ലീഡർ കെ ആർ ദീപ, കളമശേരി മുൻസിപ്പാലിറ്റിക്ക് വേണ്ടി സ്റ്റാൻഡിം​ഗ് കൗൺസൽ എം കെ അബൂബ്ബക്കർ എന്നിവരാണ് ഹാജരായത്. ലുലു ഷോപ്പിങ് മാൾസിന് വേണ്ടി അഡ്വക്കേറ്റ് എസ് ശ്രീകുമാർ ഹാജരായി.

You cannot copy content of this page