ന്യൂഡൽഹി: ക്ഷേത്രത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഇക്കാര്യം വ്യക്തമാക്കുന്നത്. വർഷങ്ങളായി തുടരുന്ന ആചാരങ്ങൾക്കിടയിൽ ചിലത് കാലാനുസൃതമായ ആവശ്യങ്ങൾ മൂലം മാറ്റേണ്ടി വന്നതാണെന്നും അഡ്മിനിസ്‌ട്രേറ്റർ ചൂണ്ടിക്കാട്ടി. അതിൽ ആചാരലംഘനമില്ലെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിലായിരുന്നു സത്യവാങ്മൂലം. ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണെന്നും, അതിന്റെ ഭാഗമായിട്ടാണ് തന്ത്രിയുടെ അനുവാദത്തോടെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
“വൃശ്ചിക ഏകാദശി പൂജ ഇല്ലാതെ പൂർത്തിയാകില്ല” എന്ന വാദം അടിസ്ഥാനരഹിതമാണെന്നും, ആ ദിവസം പ്രത്യേക പൂജ നിർബന്ധിതമല്ലെന്നും അരുൺകുമാർ കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ദൈവീക ചൈതന്യത്തിന് ഇതിലൂടെ യാതൊരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ക്ഷേത്രത്തിലെ മറ്റു അനുഷ്ഠാനങ്ങളിലും കാലക്രമേണ മാറ്റം വന്നതായി സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. വിവാഹങ്ങൾ നേരത്തെ ധ്വജസ്തംഭത്തിന് സമീപം നടത്തിയിരുന്നെങ്കിലും, തിരക്ക് കൂടിയതോടെ അത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയതായും, ചോറൂണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് മാറ്റിയതായും ദേവസ്വം വ്യക്തമാക്കി. വൃശ്ചികമാസ പൂജ മാറ്റത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത് പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ്. ഇവർ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഹർജിക്ക് പിന്നിലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
പുഴക്കര ചേന്നാസ് മനയിലെ എല്ലാവർക്കും “തന്ത്രി കുടുംബാംഗം” എന്ന വിശേഷണം അവകാശപ്പെടാനാവില്ലെന്നും, ഗുരുവായൂർ ദേവസ്വം ആക്ട് പ്രകാരം തന്ത്രി ഒരൊറ്റ വ്യക്തിയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിയുടെ അധികാരങ്ങളിൽ ദേവസ്വം ഇടപെടുന്നില്ലെന്നും, അദ്ദേഹത്തിനെതിരെ വ്യക്തിപരമായ വൈരാഗ്യമുള്ള ചിലർ ഗൂഢലക്ഷ്യത്തോടെ ആരോപണങ്ങൾ ഉയർത്തുന്നുവെന്നും അഡ്മിനിസ്‌ട്രേറ്റർ ചൂണ്ടിക്കാട്ടി.
ഗുരുവായൂരിലെ ആചാരങ്ങളിലെ മാറ്റങ്ങൾ നിയമാനുസൃതമായതും, ക്ഷേത്രത്തിന്റെ ആത്മീയ പാരമ്പര്യത്തെ ബാധിക്കാത്തതുമാണെന്നതാണ് ദേവസ്വം ഭരണസമിതിയുടെ നിലപാട്.
