Breaking News

പാസ്‌പോർട്ട് അപേക്ഷകൾക്ക്‌ ഫോട്ടോ സംബന്ധിച്ച് സുപ്രധാന മാർഗനിർദേശങ്ങൾ;- ഖത്തറിലെ ഇന്ത്യൻ എംബസി

Spread the love

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച്‌ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദോഹയിലെ ഇന്ത്യൻ എംബസി. അപ്ഡേറ്റ് ചെയ്ത ആഗോള പാസ്‌പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായി, പാസ്‌പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ എല്ലാ അപേക്ഷകരും ഐസിഎഒ (ICAO) മാനദണ്ഡങ്ങൾക്കനുസൃതമായ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

ഫോട്ടോയുടെ 80-85 ശതമാനം മുഖം ഉൾക്കൊള്ളുന്ന തരത്തിൽ തലയുടെയും തോളുകളുടെ മുകൾ ഭാഗത്തിന്റെയും ക്ലോസ് അപ്പിലായിരിക്കണം. കളർ ഫോട്ടോ ആയിരിക്കണം. ഡയമെൻഷൻ 630*810 പിക്സലുകൾ ആയിരിക്കണം. ഫോട്ടോകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റം വരുത്തിയത് ആകരുത്. ബാക്ക്ഗ്രൗണ്ട് വെളുത്ത നിറമായിരിക്കണം.

ഫോട്ടോയിൽ അപേക്ഷകൻ നേരിട്ട് ക്യാമറയിലേക്ക് നോക്കുന്നതായി കാണിക്കണം. ചർമ്മത്തിന്റെ നിറം സ്വാഭാവികമായിരിക്കണം. ഉചിതമായ തെളിച്ചവും കോൺട്രാസ്റ്റും ഉണ്ടായിരിക്കണം. പൂർണ്ണമായും മുഖം കാണണം. കണ്ണുകൾ തുറന്നതും വ്യക്തമായി കാണാവുന്നതുമായിരിക്കണം. കണ്ണുകൾക്ക് കുറുകെ രോമം ഉണ്ടാകരുത്. ഏകീകൃത വെളിച്ചത്തിൽ എടുക്കണം, മുഖത്ത് നിഴലുകളോ ഫ്ലാഷ് റിഫ്ലക്ഷനുകളോ ഉണ്ടാകരുത്. കണ്ണ് ചുവപ്പായിരിക്കരുത്. വായ തുറന്നിരിക്കരുത്. ക്യാമറയിൽ നിന്ന് 1.5 മീറ്റർ അകലെ നിന്ന് വേണം ഫോട്ടോ എടുക്കാൻ(വളരെ അടുത്ത് പാടില്ല). ഫോട്ടോ മങ്ങിയത് ആകരുത്.

ഫോട്ടോയിൽ മുടിയുടെ മുകളിൽ നിന്ന് താടിയുടെ അടിഭാഗം വരെ തലഭാഗം പൂർണ്ണമായും ഉൾക്കൊള്ളണം. ഫ്രെയിമിന്റെ മധ്യഭാഗം (തല ചരിഞ്ഞിരിക്കരുത്) ആകണം ഫോട്ടോ. മതപരമായ കാരണങ്ങളല്ലാതെ ശിരോവസ്ത്രങ്ങൾ അനുവദനീയമല്ല. എന്നാൽ താടിയുടെ അടിഭാഗം മുതൽ നെറ്റിയുടെ മുകൾഭാഗം വരെയുള്ള മുഖ ഭാഗവും മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണിക്കണം. മുഖത്തെ ഭാവം സ്വാഭാവികമായി കാണപ്പെടണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ പുതുക്കുമ്പോഴോ രാജ്യത്തെ പ്രവാസികളോട് ഐസിഎഒ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് എംബസി നിർദ്ദേശിച്ചു.

You cannot copy content of this page