തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണിതെന്നാണ് വി ശിവൻകുട്ടി പറയുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുളള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
‘പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188 കോടി 88 ലക്ഷം രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513 കോടി 54 ലക്ഷം രൂപയാണ്. 2025-26 വര്‍ഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന 456 കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു. ആകെ 1158 കോടി 13 ലക്ഷം രൂപയാണ് നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാര്‍ച്ചില്‍ അവസാനിക്കും. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടുവര്‍ഷത്തെ പിഎം ശ്രീ ഫണ്ടും ഉള്‍പ്പെടെ 1476 കോടി 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം സമഗ്രശിക്ഷയ്ക്ക് നല്‍കാമെന്ന് ധാരണയായത് 971 കോടി രൂപയാണ്’:വി ശിവൻകുട്ടി പറഞ്ഞു.
