വനിത ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ ദയനീയമായി പുറത്താകുമ്പോള്‍ പുതിയ റെക്കോര്‍ഡ് ഇട്ട് ദക്ഷണാഫ്രിക്ക. ഇന്നലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. ഇതോടെ ഡെക് വര്‍ത്ത് ലൂയീസ് (ഡിഎല്‍എസ്) നിയമപ്രകാരം പാകിസ്താന്‍ 150 റണ്‍സ് വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ മാരിസാന്‍ കാപ്പിന്റെ ഓള്‍റൗണ്ട് മികവിലും ലോറ വോള്‍വാര്‍ഡിന്റെ ഗംഭീരമായ 90 റണ്‍സ് പ്രകടനത്തിലും വനിത ടീമിന്റെ മിന്നുന്ന കുതിപ്പ് തുടരുകയാണ്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ദക്ഷിണാഫ്രിക്കയെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചു. ഇതാദ്യമായാണ് ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക വിജയിക്കുന്നത്. 2022-ലെ മികച്ച നാല് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് ആണ് അവര്‍ മറികടന്നത്.
ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഫാത്തിമ സന ടാസ്മിന്‍ ബ്രിട്ട്‌സിനെ പൂജ്യത്തിന് പുറത്താക്കി. എന്നാല്‍ സാദിയ ഇക്ബാലിന്റെ മൂന്നാം ഓവര്‍ ആരംഭിച്ചത് മുതല്‍ ശക്തമായ മഴയെത്തി. പിന്നീട് രണ്ട് മണിക്കൂറിലധികം വൈകി മത്സരം പുനരാരംഭിച്ചെങ്കിലും 42 ഓവറായി ചുരുങ്ങി. വീണ്ടും മഴയെത്തിയതോടെ പിന്നീട് 40 ഓവറായി ചുരുക്കി. കളി പുനരാരംഭിച്ചപ്പോള്‍ ലോറ വോള്‍വാര്‍ഡും സുനെ ലൂസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 118 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച പ്ലെയ്സ്മെന്റും സ്‌ട്രോക്ക്‌പ്ലേയും ഉപയോഗിച്ച് ഇരുവരും പാകിസ്താന്‍ സ്പിന്നര്‍മാരെ നേരിട്ടു. ഇരുവരുടെയും അര്‍ദ്ധസെഞ്ച്വറിക്ക് പിന്നാലെ നഷ്റ സന്ധുവിന്റെ പന്തില്‍ 61 റണ്‍സിന് ലൂസ് പുറത്തായി. താമസിയാതെ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ 90 റണ്‍സുമായി വോള്‍വാര്‍ഡിന് പുറത്തേക്ക് വഴിത്തെളിഞ്ഞു.
