Breaking News

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ കോൺക്രീറ്റിൽ താഴ്ന്ന സംഭവം; സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

Spread the love

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സമയത്ത് ടയർ കോൺക്രീറ്റ് താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേരളാ പൊലീസ്. താത്കാലിക സൗകര്യം ഒരുക്കിയത് രാഷ്ട്രപതി ഓഫീസിന്റെ അനുമതിയോടെയാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരോടും മറ്റും ലാൻഡിംഗ് സ്ഥലത്തെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നു ഇതനുസരിച്ച്‌ ഉദ്യോഗസ്ഥരും പൈലറ്റും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻ‌കൂർ ക്രമീകരണങ്ങൾ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം.

തിരുവനന്തപുരത്തുനിന്നും രാവിലെ 9.20 നാണ് പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററിൽ രാഷ്ട്രപതി പ്രമാടം സ്റ്റേഡിയത്തിൽ എത്തിയത്. റോഡ് മാർഗമാണ് രാഷ്ട്രപതി പമ്പയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷമാണ് ദ്രൗപതി മുർമു പൊലീസിൻ്റെ ഫോഴ്സ് ഗൂർഖാ വാഹനത്തിൽ സന്നിധാനത്തേക്ക് എത്തിയത്. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി.

You cannot copy content of this page