Breaking News

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി;സര്‍ക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കല്‍ കോളജ്

Spread the love

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കല്‍ കോളജ്. ഉപകരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ കമ്പനി പ്രതിനിധികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ അധികൃതര്‍ കൈമാറി. ആരോഗ്യവകുപ്പിന് കടുത്ത അതൃപ്തി. ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കാത്ത് ലാബിന് മുന്നില്‍ വച്ച് വീഡിയോ ചിത്രീകരിക്കാന്‍ അവസരം നല്‍കി. കടുത്ത നടപടികളിലേക്ക് പോയാല്‍ തുടര്‍ന്ന് സഹകരിക്കില്ലെന്ന് ആയിരുന്നു മറ്റ് ആശുപത്രി അധികൃതരുടെ നിലപാട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിസന്ധി ഉണ്ടായിരുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ കുറച്ച് സമയം വിതരണ കമ്പനിക്കാര്‍ അനുവദിച്ചിരുന്നു.

പക്ഷേ, കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ വിതരണക്കമ്പനിക്കാര്‍ തന്നെ നേരിട്ടെത്തി ഉപകരണങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുതന്നെ ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കാരണം, മറ്റ് മെഡിക്കല്‍ കോളജുകളിലെ ആശുപത്രി സൂപ്രണ്ടുമാര്‍ ചര്‍ച്ച നടത്തി, കൂടുതല്‍ സമയം തേടിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ഈ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കമ്പനിക്കാര്‍ക്ക് കൈമാറി എന്നുള്ള ആക്ഷേപമാണ് ഉയരുന്നത്. അതിനൊപ്പം തന്നെ ഉപകരണങ്ങള്‍ കമ്പനികള്‍ തിരിച്ചെടുക്കുകയും ആശുപത്രിയുടെ കാത്ത് ലാബിന് മുന്നില്‍ വച്ചുതന്നെ അത് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇതാണ് വിവാദമായിരിക്കുന്നത്. ആരോഗ്യമന്ത്രിക്ക് അടക്കം ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്.

ഉപകരണങ്ങള്‍ വിതരണക്കമ്പനിക്ക് കൈമാറാനുള്ള തീരുമാനം എന്തുകൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ എടുത്തത് എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തും. വിഷയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

You cannot copy content of this page