Breaking News

തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയുയരും

Spread the love

തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക.

ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവർ കുട്ടിക്കൊപ്പം ദീപശിഖ കൊളുത്തും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡറും, സിനിമാതാരം കീർത്തി സുരേഷ് ഗുഡ്വിൽ അംബാസിഡറുമാണ്.

12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇരുപതിനായിരത്തിലധികം താരങ്ങൾ മേളയുടെ ഭാഗമാവും. ഇൻക്ലൂസീവ് സ്പോർട്സിന്‍റെ ഭാഗമായി 1944 കായിക താരങ്ങളും എത്തും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് പ്രധാന വേദി. മഴയും വെള്ളക്കെട്ടും ഉണ്ടായാൽ പ്ലാൻ ബിയും തയ്യാറാക്കിയിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പുര. ഒരേസമയം 2500 അധികം പേർക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പതിവുപോലെ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം.

കായികതാരങ്ങളുടെ താമസത്തിനായി 74 ഓളം സ്കൂളുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യസംഘം കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ നൽകിയത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മേളയ്ക്കായി എത്തിയിരിക്കുന്നത്.

You cannot copy content of this page