പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും. ഫോർട്ട് കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട് നൽകും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക.
മത്സ്യ കർഷകർ, വ്യവസായ ശാലകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി സബ് കളക്ടർ ഇന്ന് മൊഴിയെടുക്കും. പെരിയാറിലെ മത്സ്യക്കുരുതിക്ക് ഇരയാടിക്കിയ രാസമാലിന്യം ഒഴിക്കിയതാരെന്നതും കണ്ടെത്താനായിട്ടില്ല. എടയാർ റെഗുലേറ്റർ കം ബ്രിഡ്ജിന് മുമ്പുളള ഏതോ ഫാക്ടറിയിലെ രാസമാലിന്യമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നേരത്തെ ഉന്നയിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം വൈകിയതാണ് ദുരന്തം വരുത്തി വച്ചതെന്നാണ് കർഷകർ പറയുന്നത്. ഇനിയെങ്കിലും സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിൽ ആത്മാർത്ഥ ഉണ്ടാകണമെന്നാണ് ആവശ്യം. അതേസമയം രാസമാലിന്യം ഒഴുക്കി വിട്ട സമയത്ത് പാതാളം റെഗുലേറ്ററിന്‍റെ ചുമതലയുള്ള ജലസേചന വകുപ്പിനെ പരിസ്ഥിതി നിയന്ത്രണ ബോർഡ് വിവരം അറിയിച്ചില്ലെന്ന പരാതിയും അന്വേഷിക്കും.