Breaking News

ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍,സ്ഥാനം തെറ്റി: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ആശുപത്രി

Spread the love

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയുടെ പരിക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

അതേസമയം, പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മര്‍ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇന്നലെ വൈകുന്നേരം പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

You cannot copy content of this page