ശബരിമലയിലെ സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ പൂർണ്ണ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ദേവസ്വം ബെഞ്ചിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. 2019ൽ സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ് അന്വേഷണം നടത്തിയത്. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘവും ഇന്ന് മുതൽ നിലവിൽ വരും. ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
നിയമസഭ അവസാനിച്ചതിന് പിന്നാലെ ശബരിമലയിലെ സ്വർണമോഷണ വിവാദത്തിൽ സംസ്ഥാനത്തുടനീളം സമരം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എല്ലാ ജില്ലകളിലും തുടർച്ചയായ സമരങ്ങളിലൂടെ വിഷയം ആളിക്കത്തിക്കാനാണ് കോൺഗ്രസ് നീക്കം. ഇന്നലെ പത്തനംതിട്ടയിൽ നടത്തിയ വിശ്വാസ സംഗമം വിജയം എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വിഷയത്തിൽ ബിജെപി രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് മുൻപ് ഇടപെടാൻ കഴിഞ്ഞുവെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അയ്യപ്പക്ഷേത്രങ്ങൾ ഉള്ള മണ്ഡലങ്ങളിൽ പ്രത്യേകം സമരം സംഘടിപ്പിക്കും. പോഷക സംഘടനകളുടെ നേതൃത്വത്തിലും സമരം തുടരും. ഈ മാസം 14ന് സ്വർണ മോഷണ വിവാദം ഉയർത്തി മേഖലാജാഥകൾ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും നാലു മേഖലകളിൽ നിന്നുള്ള ജാഥകളുടെ ഭാഗമാകും. പതിനെട്ടാം തീയതി പന്തളത്ത് ജാഥകൾ സമാപിക്കും.
അതേസമയം, വിഷയം ഇന്ന് സി പി ഐ എം ചർച്ച ചെയ്യും.വിവാദത്തിൽ സമരം ശക്തമാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യുന്നത്. കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഥകളെ രാഷ്ട്രീയമായി പ്രതിരോധിക്കാനുളള മാർഗങ്ങൾ തീരുമാനിച്ചേക്കും. പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തെ തുറന്ന് കാട്ടണമെന്ന് നേതൃത്വത്തിൽ അഭിപ്രായമുണ്ട് ഡൽഹിയിലായതിനാൽ മുഖ്യമന്ത്രി ഇന്നത്തെ സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കില്ല.
