Breaking News

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

Spread the love

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്.

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്.

നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ

വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോ‌‌ട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം.ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹെെക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നായിരുന്നു കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.

You cannot copy content of this page