Breaking News

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്; അംഗീകരിച്ച് നെതന്യാഹു; ബാക്കിയെല്ലാം ഹമാസിന്റെ പ്രതികരണം അനുസരിച്ചെന്ന് നേതാക്കള്‍

Spread the love

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ മുന്നോട്ടുവച്ച് അമേരിക്ക.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനം. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് 20 നിര്‍ദേശങ്ങളടങ്ങിയ കരാര്‍ അമേരിക്ക മുന്നോട്ടുവച്ചത്. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണം, ഹമാസ് ബന്ധികളെ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും എന്നുള്‍പ്പെടെയാണ് കരാറിലെ നിര്‍ദേശങ്ങള്‍. സമാധാന കരാര്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് പറഞ്ഞു. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് തന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ അതില്‍ അംഗമാകുമെന്നും മറ്റ് അംഗങ്ങളുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗസ്സയെ സൈനിക മുക്തമാക്കും, ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്മാറുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. ഹമാസ് കരാര്‍ അംഗീകരിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

You cannot copy content of this page