Breaking News

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ; പ്രത്യേക മന്ത്രിസഭാ യോഗം ചേരും

Spread the love

ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും.
സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം പരിഗണിക്കും. വനം കേസുകളുടെ ഒത്തുതീർപ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി ബില്ലും ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരും. ഇക്കോ ടൂറിസം ബില്ലും ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് നീക്കം.

You cannot copy content of this page