Breaking News

മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതി: ഹിയറിങ് ഓഫിസറെ മാറ്റി

Spread the love

മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതിയില്‍ ഹിയറിങ് ഓഫീസറെ തത്സ്ഥാനത്തുനിന്ന് മാറ്റി. എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെയാണ് മുന്‍സിപ്പല്‍ സെക്രട്ടറി നടപടിയെടുത്തത്. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാണിച്ച് വോട്ട് ചേര്‍ത്തു എന്നതാണ് പരാതി. യുഡിഎഫ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

മലപ്പുറം നഗരസഭയിലെ വോട്ട് ചേര്‍ക്കലില്‍ കൃത്രിമം നടന്നുവെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഷിബു അഹമ്മദിനെ ഹിയറിങ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. 18 വയസ് തികയാത്ത ആളുകളെ എസ്എസ്എല്‍സി രേഖകളിലെ വര്‍ഷത്തില്‍ കൃത്രിമം കാണിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നുള്ളതാണ് പരാതി. ഇങ്ങനെ 8 തെളിവുകള്‍ സഹിതം യുഡിഎഫ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. കലക്ടറും എസ്പിയും റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് മുന്‍സിപ്പല്‍ സെക്രട്ടറി നടപടിയെടുത്തത്.

കൂടാതെ അംഗനവാടി കെട്ടിടത്തില്‍ മൂന്നു വോട്ടുകള്‍ ചേര്‍ത്തുവെന്ന വിവരം 24 ഉം പുറത്ത് വിട്ടിരുന്നു. സിപിഐഎം കൗണ്‍സിലര്‍മാര്‍ക്ക് നേരെയും ഡിവൈഎഫ്‌ഐക്ക് നേരെയും ആണ് യുഡിഎഫ് ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. വരും ദിവസങ്ങളിലും രാഷ്ട്രീയപരമായും നിയമപരമായും നഗരസഭയിലെ വോട്ട് വിവാദം കനക്കുമെന്നുറപ്പ്.

You cannot copy content of this page