Breaking News

10 വർഷത്തിനിടെ മുഖ്യമന്ത്രി സന്ദർശിച്ചത് 25 രാജ്യങ്ങൾ, ചെലവിട്ടത് കോടികൾ; നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പ് വെച്ചതായി വിവരമില്ലെന്ന് വ്യവസായ വകുപ്പ്

Spread the love

തിരുവനന്തപുരം: നിക്ഷേപം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകൾ കാര്യമായ ഗുണം ഉണ്ടാക്കിയില്ലെന്ന് വിവരാവകാശ രേഖകൾ. 10 വർഷത്തിനിടെ നടത്തിയ 25 വിദേശയാത്രകളിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്ന് വ്യക്തമായി. കോടികളുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായെന്ന് നിയമസഭയെ അറിയിച്ചത് പാഴ്വാക്ക് മാത്രമാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യുഎഐ സര്‍ക്കാർ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നതും പൊങ്ങച്ചം മാത്രമാണ്. നിക്ഷേപം തേടി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 25 വിദേശ യാത്രകളിൽ കേരളത്തിൽ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്നാണ് വ്യവസായവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

 

കോടികൾ ചെലവിട്ട മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ കൊണ്ട് എന്ത് ഗുണമുണ്ടായി എന്ന ചോദ്യത്തിന് വിവരവകാശപ്രകാരം കെഎസ്ഐഡിസി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബാഗങ്ങളെ ഉള്‍പ്പെടെ കൂട്ടി നടത്തിയ ഒരോ വിദേശയാത്രക്ക് ശേഷവും കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ എല്ലാം പാഴ്വാക്കുകളായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.

 

2106 മുതല്‍ 2025 വരെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ സംബന്ധിച്ചായിരുന്നു വ്യവസായവകുപ്പിനോട് വിവരങ്ങള് ആരാഞ്ഞത്. കേരളത്തിലേക്ക് വിദേശനിക്ഷേപം കൊണ്ടു വരാന്‍ നടത്തിയ ചില യാത്രകളില്‍ ഭാര്യയും മകളും കൊച്ചുമകനുമൊക്കെ കൂടെയുണ്ടായിരുന്നു. പത്തു വര്ഷത്തിനുള്ളില് മുഖ്യമന്ത്രി സന്ദര്‍ശിച്ച രാജ്യങ്ങൾ യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലാന‍്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍റ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്‍റ്സ് എന്നിവയാണ്. ഇതില് അമേരിക്ക ഒഴിച്ചുള്ളതെല്ലാം ഖജനാവില്‍ നിന്ന് കോടികൾ ചെലവിട്ട് നടത്തിയ ഒദ്യോഗിക യാത്രകളാണ്. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടു വരാന്‍ എന്ന പേരിലായിരുന്നു ഈ യാത്രകൾ എല്ലാം. ബിസിനസ് സമ്മിറ്റ്, റോഡ് ഷോ, നിക്ഷേപക ഉച്ചകോടി, അങ്ങിനെ എല്ലാം കേമമായി നടത്തി.

 

കേരളത്തില്‍ വ്യവസായ നിക്ഷേപത്തിനുള്ള നോഡല്‍ ഏജന്‍സിയായ കെഎസ് ഐഡിസി നല്‍കിയ മറുപടി ഇതാണ്, വിദേശയാത്രകളിൽ ധാരണാപത്രം ഒപ്പുവച്ചതിനെക്കുറിച്ച് വിവരമില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിൽ കെഎസ്ഐഡിസി ഇടപെട്ട് താല്‍പര്യ പത്രങ്ങള്‍ ഒപ്പുവച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിൽ ഏതെങ്കിലും താൽപര്യപത്രം ഒപ്പിട്ടതിൽ കെഎസ്ഐഡിസി നേരിട്ട് പങ്കാളിയായിട്ടില്ലെന്നും മറുപടിയില്‍ പറയുന്നുണ്ട്.

 

2019 ല്‍ ജനീവയില്‍ നിക്ഷേപക ഉച്ചകോടിക്ക് മുഖ്യമന്ത്രി പോയത് ഭാര്യയേയും മകളേയുംകൊച്ചുമകനേയും ഒപ്പം കൂട്ടിയാണ്. ഒരോ യാത്രയും കഴിഞ്ഞ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടികള് ഇതാണ്- 2022 ലെ നോര്‍വേ യാത്രയില്‍ ഒരു കമ്പനി മാത്രം 150 കോടി രൂപനിക്ഷേപിക്കും എന്നാണ്. ഇലക്ടോണിക് ബാറ്ററി ഉല്‍പ്പാദന ഫാക്ടറി, ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം എന്നിവ വേറെ. 2022 ലെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത് ഹിന്ദുജ ഗ്രൂപ്പ് വക കോടികളുടെ നിക്ഷേപം വരുമെന്ന്. 2019 ല്‍ സന്ദര്‍ശനം നടത്തിയത് ദുബൈ, ജപ്പാന് , കൊറിയ എന്നിവിടങ്ങളിലാണ്. ജപ്പാനും കൊറിയയിലും നിന്നുമായി 300 കോടി രൂപയുടെ നിക്ഷേപം വരുമെന്നും പ്രഖ്യാപിച്ചു. ജപ്പാനിലേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടു പോയത് വന്‍ സംഘത്തെയാണ്. സംഘാംഗങ്ങള്‍ക്ക് പ്രതിദിന ചെലവിനായി 100 ഡോളര്‍ വേറെയും നല്‍കിയിരുന്നു. യുഎഇ സര്‍ക്കാര്‍ 500 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

You cannot copy content of this page