Breaking News

ഇന്ത്യക്കും നിർണായകം; പുടിന് രണ്ടാമത്തെ വലിയ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക, പിഴ തീരുവ റഷ്യയെ സ്വാധീനിച്ചെന്ന് ട്രംപ്

Spread the love

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അലാസ്കയിൽ നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല, ഇന്ത്യടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇറക്കുമതി സംബന്ധിച്ചടക്കം നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ട്രംപ് – പുടിൻ കൂടിക്കാഴ്ച ഇന്ത്യക്കും നിർണായകമാകും.

 

ഇന്ത്യയ്ക്ക് പിഴ തീരുവ ചുമത്തിയത് റഷ്യയെ സ്വാധീനിച്ചെന്നും വ്ളാദ്മിർ പുടിനെ ചർച്ചയ്ക്ക് പ്രേരിപ്പിച്ചെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രണ്ടാമത്തെ വലിയ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക റഷ്യയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് പറയുന്നത്. അലാസ്കയിൽ ഇന്ന് നടക്കുന്ന ചർച്ച് മുന്നോടിയായി ആണ് ട്രംപിന്‍റെ പ്രതികരണം. അമേരിക്ക ഇന്ത്യക്ക് നേരത്തെ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. പിന്നീട് 25 ശതമാനം പിഴ തീരുവയും ചുമത്തി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമ്പോൾ നൽകുന്ന പണം യുക്രൈനിൽ നിരപരാധികളെ കൊന്നൊടുക്കാനായി ഉപയോഗിക്കുന്നു എന്നായിരുന്നു അമേരിക്കയുടെ വാദം.

 

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി വെച്ചില്ലെങ്കിൽ 21 ദിവസത്തിനകം ഇന്ത്യക്ക് 25 ശതമാനം പിഴ തീരുവ കൂടി ചുമത്തും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ സമയം അവസാനിക്കാനിരിക്കെയാണ് അലാസ്കയിൽ ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. ലോക നേതാക്കളുടെ കൂടിക്കാഴ്ചയിൽ എന്ത് സംഭവിക്കുമെന്ന് ഇന്ത്യയും ഉറ്റു നോക്കുകയാണ്. സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. എന്ത് തരത്തിലുള്ള സഹായവും നൽകാൻ തയ്യാറാണ് എന്നും ഇന്ത്യ പ്രസ്താവനയിൽ വ്യകമാക്കുകയും ചെയ്തു.

 

എന്തായാലും ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താനുള്ള തീരുമാനം ഈ കൂടിക്കാഴ്ചക്ക് റഷ്യയെ പ്രേരിപ്പിച്ചെന്നാണ് ട്രംപ് പറയുന്നത്. ചൈന കഴിഞ്ഞാൽ കൂടുതൽ എണ്ണ റഷ്യ വിൽക്കുന്നത് ഇന്ത്യക്കാണ്. അതുകൊണ്ട് ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക റഷ്യക്കുണ്ടെന്നാണ് ട്രംപ് പറയുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ട്രംപ് തീരുവയിലൂടെ ശിക്ഷിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പുടിൻ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് കരുതുന്നത്. ഒരു ചർച്ച കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും തുടർ ചർച്ചകൾ ഉണ്ടാകുമെന്നുമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതുന്നത്.

You cannot copy content of this page