Breaking News

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മാതാപിതാക്കൾ മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Spread the love

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ജില്ലാ ശിശുക്ഷേമ ഓഫീസറോടും, നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടി. പ്രതികളെ പിടികൂടാൻ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യക സംഘം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരുടെ വീഴ്ച പരിശോധിക്കും. കുട്ടിക്കെതിരായ അതിക്രമം 24 വാർത്തയിലൂടെ പുറംലോകമറിഞ്ഞത്.

നാലാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദ്ദനമേറ്റതറിഞ്ഞ് സ്കൂളിലെത്തി വാർത്ത റിപ്പോർട്ട് ചെയ്ത 24 വാർത്താസംഘം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട ശേഷമായിരുന്നു സിഡബ്ല്യുസിയുടെ തുടർ നടപടികൾ. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശകമ്മീഷൻ അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.

സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് കുട്ടിയെ മാറ്റിയത്. പ്രതികളെ പിടികൂടാത്തതിനാൽ ബന്ധു വീടുകളിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴ സിഡബ്ല്യുസിക്ക് മുനിൽ കുട്ടിയെ ഹാജരാക്കും. പ്രതികളെ പിടികൂടാൻ ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. നൂറനാട് എസ് എച്ച് ഒ ശ്രീകുമാർ നേതൃത്വം നൽകുന്ന എട്ടംഗ സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

You cannot copy content of this page