Breaking News

വിദ്യാര്‍ഥി ഷോക്കേറ്റ മരിച്ച തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ നാളെ മുതല്‍ അധ്യയനം ആരംഭിക്കും

Spread the love

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ മരിച്ച സംഭവത്തില്‍ അടച്ചിട്ട സ്‌കൂളില്‍ നാളെ മുതല്‍ അധ്യയനം ആരംഭിക്കും. വൈദ്യുത ജോലികള്‍ പൂര്‍ത്തികരിച്ച ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ബാലാവകാശകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നാളെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നല്‍കും.

ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തു. നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയും, എട്ടുവര്‍ഷം മുമ്പ് സൈക്കിള്‍ ഷെഡ് പണിത സ്‌കൂള്‍ ഭരണസമിതിക്കെതിരെയും കേസെടുക്കും. മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായമായി മാനേജ്‌മെന്റ് നല്‍കും.

മിഥുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തതിന് പിന്നാലെ അടിയന്തിര സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ത്തിരുന്നു. കമ്മറ്റിയിലാണ് മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യോഗം തീരുമാനിച്ചത്. ഏത് നടപടിയും നേരിടുമെന്ന് സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍ പിള്ള പറഞ്ഞു.

സ്‌കൂളിന് ഫിറ്റ്‌നസ് ലഭിച്ചത് പരിശോധനകള്‍ക്ക് ശേഷമാണ്. അന്ന് അധികൃതരാരും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയില്ല.നിര്‍മ്മാണപ്രവൃത്തികളില്‍ പഞ്ചായത്തിന്റെ അനുമതി തേടിയില്ലെന്നത് വസ്തുതാ വിരുദ്ധമെന്നും മാനേജ്‌മെന്റ്. സുരക്ഷാ ജോലികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ചമുതല്‍ അധ്യയനം പുനരാരംഭിക്കും. അതിനിടെ ശാസ്താംകോട്ടപൊലീസ് സ്‌കൂളിലെത്തി മാനേജരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. രേഖകള്‍ പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം Negligence Act ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് സി ഐ പറഞ്ഞു.

You cannot copy content of this page