Breaking News

അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി അവഗണിച്ചു; സ്വയം തീകൊളുത്തി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Spread the love

ഭുവനേശ്വര്‍: അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഇന്നലെ രാത്രി 11.46 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഭൂവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി ചരണ്‍ മാജി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാഷ്ട്രപത്രി ദ്രൗപതി മുര്‍മു ആശുപത്രിയില്‍ എത്തി വിദ്യാര്‍ത്ഥിനിയെ കണ്ടിരുന്നു. പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ദേശം നല്‍കിയായിരുന്നു രാഷ്ട്രപതി മടങ്ങിയത്. വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ സഹപാഠിയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

വകുപ്പ് മേധാവി നിരന്തരം ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥി നല്‍കിയ പരാതി അവഗണിച്ചതിനെത്തുടര്‍ന്നാണ് സ്വയം തീക്കൊളുത്തിയത്. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അക്കാദമിക് റെക്കോര്‍ഡ് കുഴപ്പത്തിലാക്കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടര്‍ച്ചയായതോടെ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ആഭ്യന്തര പരാതി പരിഹാര സമിതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

You cannot copy content of this page