Breaking News

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും നൽകും; മന്ത്രിസഭാ യോഗ തീരുമാനം

Spread the love

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് സർക്കാർ ജോലിയും നൽകും. വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു.

നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട് സന്ദർശന സമയത്ത് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. സ്ഥിരം തൊഴിൽ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് സഹായമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ഒരു ലക്ഷം രൂപ നൽകിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറിയിരുന്നു. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മകൾക്ക് കൂട്ടിരിക്കാനായി പോയ തലയോലപറമ്പ് സ്വദേശിനി ബിന്ദു മരണപ്പെടുന്നത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

You cannot copy content of this page