ഈ വർഷം അവസാനത്തോടെ സ്വർണ വില കുറഞ്ഞേക്കുമെന്ന തരത്തിലുള്ള പല . പ്രവചനങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വില മുന്നോട്ട് തന്നെ പോകാനാണ് സാധ്യതയെന്നാണ് ഐ സി ഐ സി ഐ ബാങ്ക് ഗ്ലോബല്‍ മാർക്കറ്റ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ സ്വർണ വില ഈ വർഷം തന്നെ 10 ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് എത്തിയേക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.
നിലവില്‍ സ്വർണ വില 10 ഗ്രാമിന് 96500 മുതല്‍ 98500 വരെയുള്ള ശ്രേണിയിലാണ് നില്‍ക്കുന്നത്. “സമീപകാലത്തെ 96500 – 98500 രൂപ ശ്രേണിയില്‍ നിന്ന് 2025-ന്റെ രണ്ടാം പകുതിയില്‍ 98500 100000 രൂപ ശ്രേണിയിലേക്ക് സ്വർണ വില ഉയർന്നേക്കും,” ഐ സി ഐ സി ഐ ബാങ്ക് ഗ്ലോബല്‍ മാർക്കറ്റ്സിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.
10 ഗ്രാമിന്റെ വില ഒരു ലക്ഷത്തിലേക്ക് എത്തുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന്റെ വില 80000 ത്തിലേക്ക് എത്തും. അതായത് ഗ്രാമിന് 80000 രൂപ. നിലവില്‍ 72000-73000 നിരക്കിലാണ് കേരളത്തിലെ സ്വർണ വില മുന്നോട്ട് പോകുന്നത്. വിപണി നിരക്ക് ഇതാണെങ്കിലും പണിക്കൂലിയും ജി എസ് ടിയുമൊക്കെ ചേർക്കുമ്ബോള്‍ ഒരു പവന്‍ സ്വർണത്തിന്റെ വില ഇപ്പോള്‍ തന്നെ 80000 കടക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ആഗോള വിപണിയില്‍ സ്വർണ വില അടുത്തിടെ കുറഞ്ഞെങ്കിലും, ജൂണില്‍ ഇന്ത്യയില്‍ 0.6% വർധനവാണ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം 0.2% ദുർബലമായതാണ് ഇതിന് സഹായകമായത്. അതോടൊപ്പം തന്നെ ഉയർന്ന വില ഡിമാന്‍ഡിനേയും ബാധിക്കുന്നുണ്ട്. മേയില്‍ സ്വർണ ഇറക്കുമതി മൂല്യം ഏപ്രിലിലെ 3.1 ബില്യണില്‍ നിന്ന് $2.5 ബില്യണിലേക്ക് കുറഞ്ഞു. ആഭരണങ്ങളുടെ ഡിമാൻഡ് ദുർബലമായി തുടരുമ്ബോള്‍, നിക്ഷേപവുമായി ബന്ധപ്പെട്ട വാങ്ങലുകള്‍ ശക്തമായി നിലനില്‍ക്കുന്നു എന്നുള്ളതാണ് ആശ്വാസകരമായ കാര്യം.
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) ഡാറ്റ പ്രകാരം, മേയില്‍ സ്വർണ ഇ ടി എഫുകളിലേക്ക് 2.92 ബില്യണിന്റെ നെറ്റ് ഇൻഫ്ലോ ഉണ്ടായി, തുടർച്ചയായ രണ്ട് മാസത്തെ ഔട്ട്ഫ്ലോയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണ് ഇത്. ആഗോളതലത്തിലും സ്വർണത്തോടുള്ള നിക്ഷേപക താല്‍പ്പര്യം ശക്തമാണ്.
എസ് പി ഡി ആർ ഗോള്‍ഡ് ഇ ടി എഫ് ഹോള്‍ഡിംഗ്സ് ജൂണ്‍ 1-ന് 930 ടണ്ണില്‍ നിന്ന് ജൂലൈ 1-ന് 948 ടണ്ണായി ഉയർന്നു. കഴിഞ്ഞ മാസം സ്പെക്യുലേറ്റീവ് നെറ്റ് ലോംഗ് പൊസിഷനുകള്‍ ഏകദേശം 13,000 ലോട്ടുകള്‍ വർധിച്ചു. എന്നിരുന്നാലും, സ്വർണത്തിന്റെ ശക്തമായ ഉയർച്ച അടുത്തിടെ തണുത്തു. കഴിഞ്ഞ ഒരു മാസമായി വില സ്ഥിരമായി തുടരുന്നു, കാരണം സുരക്ഷിത നിക്ഷേപ ഡിമാൻഡ് കുറഞ്ഞു. 2025-ല്‍ ഇതുവരെ സ്വർണ വില 28% ഉയർന്നിട്ടുണ്ട്.
വില വലിയ തോതില്‍ മുന്നോട്ട് കുതിക്കാത്തതിന് പ്രധാന കാരണം ആഗോള സാഹചര്യങ്ങളിലെ മെച്ചപ്പെടലാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തല്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ശമിപ്പിച്ചു. അതോടൊപ്പം തന്നെ യുഎസ് യുകെ, വിയറ്റ്നാം എന്നിവയുമായി വ്യാപാര കരാറുകള്‍ ഒപ്പുവെച്ചു, ജപ്പാൻ, ഇന്ത്യ, യൂറോപ്യൻ യൂണിയൻ എന്നിവയുമായി പുരോഗതി കൈവരിക്കുന്നു. ചൈനയുമായുള്ള വ്യാപാര ചട്ടക്കൂടും ഓഗസ്റ്റോടെ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ലഘൂകരിക്കപ്പെട്ടതും, വ്യാപാര യുദ്ധം 2.0-ന്റെ തീവ്രത കുറയുമെന്ന പ്രതീക്ഷയും സ്വർണ വിലയില്‍ കുത്തനെയുള്ള ഉയർച്ചയെ പരിമിതപ്പെടുത്തിയിട്ടുണ്ട്,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.