നടനും ബി ജെ പി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകൽ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ പോലീസ്. കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇന്ന് തന്നെ ശേഖരിക്കും. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആറു പേരുടെയും, ദിയ കൃഷ്ണയുടെ സുഹൃത്തുക്കളുടെയും ജീവനക്കാരികളായ മൂന്നുപേരുടെയും സ്റ്റേറ്റ്മെന്റുകളാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുകൾക്ക് പോലീസ് കത്ത് നൽകി.
നിലവിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട് എന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പോലീസ്. കുടുംബവും യുവതികളും നൽകിയ ഡിജിറ്റൽ തെളിവുകൾക്ക് പുറമേ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഈ നടപടികൾക്ക് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ.
അതേസമയം ജീവനക്കാരികൾ കൃഷ്ണകുമാറിനെതിരെ ആവർത്തിക്കുന്നത് ഗുരുതരാരോപണങ്ങളാണ്. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണമാണ് ജി കൃഷ്ണകുമാറും കുടുംബവും ആവശ്യപ്പെടുന്നത്. വസ്ത്രം പിടിച്ചു വലിക്കുകയും പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് ആരോപണം. ജീവനക്കാർ നൽകിയ പരാതിയിലെ എഫ്ഐആറിലും സമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മ്യുസിയം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
