മഴ മാറി വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് അടച്ച സ്‌കൂളുകളാണ് തുറക്കുന്നത്. പ്രവേശനോത്സവത്തോടെയാണ് വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക.
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറന്നെങ്കിലും രണ്ടാഴ്ചയോളം നീണ്ട കനത്ത മഴയും വെള്ളക്കെട്ടുമാണ് കുട്ടനാട്ടിലെ സ്കൂൾ തുറക്കൽ വൈകിപ്പിച്ചത്. സ്‌കൂളുകളിൽ വെള്ളം കയറിയതും മറ്റ് സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയതും കാരണം സ്ക്കൂൾ തുറക്കൽ വീണ്ടും നീണ്ടു. ഇന്നലെയോടെ ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാം പിരിച്ചു വിട്ടു. വെള്ളം കയറിയ സ്കൂളുകൾ വൃത്തിയാക്കി. ഇനി വിദ്യാർത്ഥികൾ എത്തിയാൽ മതി.
തെക്കേക്കര സർക്കാർ ഹൈസ്കൂൾ ഉൾപ്പടെ ചില സ്‌കൂളുകളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിഞ്ഞിട്ടില്ല. വെള്ളം കയറാത്ത ക്ലാസ് റൂമുകൾ മാത്രമായിരിക്കും ഇവിടങ്ങളിൽ തുറക്കുക. താലൂക്ക് തല പ്രവേശനോത്സവത്തോടെയാണ് വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്.