Breaking News

ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; നടപടി മകളുടെ ജീവനക്കാരുടെ പരാതിയിൽ, ദിയ കൃഷ്ണയും പ്രതി

Spread the love

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ കൃഷ്ണയും പ്രതിയാണ്. മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ‌ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

മൂന്ന് ജീവനക്കാരിൽ‌ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തയെന്നാരോപിച്ചും പരാതി നൽകിയിരുന്നു. ഇതിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഇവരെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്ന പരാതിയിലാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്തിരുന്നത്.

ജീവനക്കാരുടെ കൈയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

You cannot copy content of this page