Breaking News

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ടെന്ന് ഇഡി

Spread the love

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഡൽഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി വ്യക്തമാക്കി.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡി കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് തുടർന്നും നിലനിൽക്കുന്നതാണെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു.

2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപിക്കുന്നു.

You cannot copy content of this page