Breaking News

സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനം; വിട്ടുനിന്നത് ഭിന്നതയെ തുടർന്നെന്ന വാർത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Spread the love

തിരുവനന്തപുരത്തെ സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നത് ഭിന്നതയെ തുടർന്നെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ മുഖ്യമന്ത്രി റദ്ദാക്കിയിരുന്നവെന്നാണ് വിശദീകരണം. പ്രചാരണ ഫ്ലക്സ് ബോർഡുകളിൽ നിന്ന് ഒഴിവാക്കിയതിലെ പരാതി തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചതിന് പിന്നാലെ ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നെന്നായിരുന്നു റിപ്പോർട്ടുകൾ.

സർക്കാറിൻറെ വാർഷികത്തിന്റെ ശോഭ കെടുത്താനാണ് മാധ്യമങ്ങൾ വാർത്ത തെറ്റായി കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി. കഴിഞ്ഞ 16നാണ് സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യാനിരുന്നത്. എന്നാൽ അവസാന നിമിഷം മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെ മുഹമ്മദ് റിയാസ് റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

എന്നാൽ റോഡുകൾക്കായി പണം ചെലവാക്കിയത് ഭൂരിഭാ​ഗവും തദ്ദേശ സ്വയംഭരണ വകുപ്പാണ്. 200 കോടി രൂപ ചെലവിൽ 80 കോടി രൂപ കേന്ദ്രവും സംസ്ഥാനവും മുടക്കിയിരുന്നു. സംസ്ഥാനത്തിന്റെ ചെലവ് പോയത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പേരിലാണ്. ബാക്കി തുക തിരുവനന്തപുരം കോർപ്പറേഷനും മുടക്കിയിരുന്നു. അതുകൊണ്ട് റോഡിന്റെ നിർമാണ അവകാശി തദ്ദേശ സ്വയംഭരണ വകുപ്പാണ്. റോഡിന്റെ നിർമാണ മേൽനോട്ടം പൊതുമാരമത്ത് വകുപ്പിന്റെ കീഴിലായിരുന്നു. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടിയത് വിവാദമായി മാറുകയും മന്ത്രി എംബി രാജേഷ് അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചെന്നുമായിരുന്നു വിവരം. തുടർന്ന് മുഖ്യമന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് വാർത്തകൾ വന്നത്. ഈ വാർത്തകളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയത്.

You cannot copy content of this page