Breaking News

അടിമുടി മാറാന്‍ കോണ്‍ഗ്രസ്: ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റും

Spread the love

തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ഡിസിസി അധ്യക്ഷന്മാര്‍ക്കാണ് മാറ്റമില്ലാത്തത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ് പുനഃസംഘടനയില്‍ നിന്ന് നാല് ഡിസിസികളെ ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഭാരവാഹികളെയെങ്കിലും മാറ്റാനും സാധ്യതയുണ്ട്.

ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പ്രധാന ചര്‍ച്ചയും പുനഃസംഘടന സംബന്ധിച്ചതാകും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഡിസിസികളിലെ നേതൃമാറ്റം കൊണ്ടുവരുന്നത്. കെപിസിസി ഭാരവാഹികളെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. ആരാണ് ചുമതലകളിലേക്ക് വരേണ്ടത് എന്നത് സംബന്ധിച്ച് ഇന്നലെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.അതേസമയം ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. യോഗങ്ങള്‍ പോലും കൃത്യമായി വിളിച്ചുചേര്‍ക്കുന്നില്ല. മാത്രമല്ല പലരും ചുമതലകള്‍ അലങ്കാരമായി മാത്രമാണ് കാണുന്നത്. കൃത്യമായി പ്രവര്‍ത്തനരംഗത്തും ഉണ്ടാകുന്നില്ല. അതിനാല്‍ ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ നടക്കാനിരിക്കെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കരുതെന്നും ആവശ്യമുണ്ട്. ഈ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് നിര്‍ണായകമാകും.

You cannot copy content of this page