പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. ഇതിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി. ശ്രീനഗറില്‍ മൂന്നാം തവണയും സ്ഫോടനങ്ങളുണ്ടായി. ജമ്മു, ഉറി, കുപ്വാര എന്നിവിടങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളില്‍ സ്ഫോടനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്ന് പേരിട്ട പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു. അതിനിടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ ഈമാസം പതിനഞ്ച് വരെ അടച്ചു.