Breaking News

ഓപ്പറേഷൻ സിന്ദുര്‍ എന്ന പേരിനായി ഇരച്ചുകയറി ചലച്ചിത്രപ്രവർത്തകർ; പതിനഞ്ചോളം നിർമ്മാതാക്കളും സിനിമ കമ്പനികളും അപേക്ഷ നൽകി

Spread the love

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയുടെ പേരിനായി അപേക്ഷ നൽകി ചലച്ചിത്ര പ്രവർത്തകർ. ഓപ്പറേഷൻ സിന്ദുര്‍ എന്ന പേരിനു വേണ്ടി പതിനഞ്ചോളം സിനിമാ നിര്‍മാതാക്കളാണ് ഇന്ത്യൻ മോഷൻ പിക്ചര്‍ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. അശോക് പണ്ഡിറ്റ്, മധുര്‍ ഭണ്ടാര്‍കര്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ടി സീരീസ്, സീ സ്റ്റുഡിയോസ് തുടങ്ങിയ കമ്പനികളും പേരിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ സ്റ്റുഡിയോ ട്രേഡ്‍മാര്‍ക്കിനായ അപേക്ഷ രജിസ്റ്റര്‍ ചെയ്‍തിരുന്നെങ്കിലും ട്രേഡ് മാര്‍ക്ക് അപേക്ഷ പിൻവലിക്കുന്നതായി റിലയൻസ് കമ്പനി പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കമ്പനിയിലെ ജൂനിയറായ ഒരു ജീവനക്കാരൻ മുൻകൂര്‍ അനുമതി തേടാതെ അപേക്ഷ നല്‍കുകയായിരുന്നു എന്നു റിയലൻസ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. കമ്പനി അക്കാര്യം അവലോകനം ചെയ്യുകയും അപേക്ഷ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ട്രേഡ്‍മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ആ പേരില്‍ സിനിമയും സീരീസും മറ്റും നിര്‍മിക്കാം. ഇന്ത്യയില്‍ അതിന് നിയമ തടസ്സമില്ല.

ഇന്ത്യയില്‍ സൈന്യത്തിന്റെ ഓപ്പറേഷനുകള്‍ മുമ്പ് സിനിമയായി വന്നിട്ടുമുണ്ട്. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി വന്ന ഉറി: സര്‍ജിക്കല്‍ സ്‍ട്രൈക്ക് മികച്ച പ്രേക്ഷക പ്രതികരണവും നിരൂപകപ്രശംസയും നേടിയിരുന്നു. വിക്കി കൗശലായിരുന്നു നായകനായി വേഷമിട്ടത്. ആദിത്യ ധര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ യാമി ഗൗതമായിരുന്നു നായിക വേഷത്തില്‍ എത്തിയത്.അതിനിടെ പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ആക്രമിച്ചത് ഒമ്പത് എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

You cannot copy content of this page