വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക്
മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും.
അതേസമയം കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കം വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ട്. ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ വൈകിട്ട് ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. വന മേഖലയില്‍ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന് അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ധനസഹായം എന്നതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തില്‍ ഉണ്ടാകണമെന്ന് ഡിഎഫ്ഒയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.