Breaking News

മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ തിടുക്കം വേണ്ടെന്ന് സർക്കാർ; സംഘർഷ സാധ്യത കണക്കിലെടുക്കും, സമരസമിതിയുമായി ചർച്ച നടത്തും

Spread the love

തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ തിടുക്കം വേണ്ടെന്ന് സർക്കാർ. സംഘർഷ സാധ്യത കണക്കിലെടുത്ത്, സംയുക്ത സമരസമിതിയുമായി ഉദ്യോഗസ്ഥർ തുടർ ചർച്ചകൾ നടത്തും. പൊലീസ് ഇടപെടൽ സ്ഥിതി വഷളക്കുമെന്നും വിലയിരുത്തൽ. ഇന്ന് പൊഴിമുറിക്കാനുള്ള ശ്രമം ഉണ്ടാകില്ല. പൊഴി മുറിക്കും മുൻപ് സമരക്കാരെ വിശ്വാസത്തിലെടുക്കാനാണ് സർക്കാർ തീരുമാനം.

വള്ളങ്ങൾ കടന്നുപോകും വിധം പൊഴി മുറിക്കാം എന്ന് ഫിഷറീസ് വകുപ്പ് പറയുന്നത്. പൊഴി മുറിക്കുന്നത് എന്തിനെന്ന് മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കും. തൽക്കാലം പൊലീസ് നടപടി വേണ്ടെന്നും തീരുമാനം. സമരക്കാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയെന്നതാണ് പ്രധാനമായി സര്‍ക്കാര്‍ കാണുന്നത്. മന്ത്രി സജി ചെറിയാനുമായോ ഉദ്യോഗസ്ഥരുമായോ ഇന് ചര്‍ച്ചയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് വഴങ്ങൂ എന്നാണ് അവരുടെ തീരുമാനം.

ഒരു വൈകാരിക പ്രശ്നമായി മാറാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തശേഷമാകും ഇനി ഒരു നടപടി ഉണ്ടാകൂ എന്നാണ് സർക്കാർ തീരുമാനം. ഉദ്യോ​ഗസ്ഥരെ തടഞ്ഞതിൽ കേസെടുക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പൊഴിമുറിച്ചില്ലെങ്കിൽ മഴ പെയ്താൽ മുതലപൊഴിക്ക് സമീപമുള്ള അഞ്ച് പഞ്ചായത്തുകളിൽ വെള്ളം കയറുന്ന സാഹചര്യമാണ്. ഇതിനെ ഒഴിവാക്കാൻ പൊഴി മുറിക്കുകയെന്നല്ലാതെ സർക്കാരിന്റെ മുന്നിൽ മറ്റ് മാർ​ഗങ്ങളില്ല. മഴയ്ക്ക് മുന്നേ പ്രശ്നങ്ങൾ രമ്യമമായി പരിഹരിക്കാനാണ് സർക്കാർ നീക്കം.

മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തി എത്രയും വേ​ഗം ഡ്രഡ്ജർ എത്തിച്ച് വളരെ വേ​ഗത്തിൽ പൊഴി മുറിക്കുക എന്ന തീരുമാനത്തിലേക്ക് കടക്കും. പ്രതിഷേധ സാധ്യതകൾ ഒഴിവാക്കി പരസ്പര സഹകരണത്തോടെ പൊഴി മുറിക്കാനാണ് സർക്കാർ തീരുമാനം. സർവ്വ സന്നാഹങ്ങളോടെയുമാണ് ഉദ്യോഗസ്ഥ സംഘം പൊഴി മുറിക്കാൻ മുതലപ്പൊഴിയിൽ ഇന്നലെ എത്തിയിരുന്നെങ്കിലും മത്സ്യത്തൊഴിലാളികൾ മനുഷ്യ ചങ്ങല തീർത്തതോടെ ഉദ്യോഗസ്ഥരും പൊലീസും പിന്മാറുകയായിരുന്നു.

You cannot copy content of this page