Breaking News

വഖഫ് ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരും; സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് 7 ദിവസം അനുവദിച്ച് സുപ്രീംകോടതി

Spread the love

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ച് സുപ്രീംകോടതി. ഏഴ് ദിവസത്തെ സമയമാണ് അനുവദിച്ചത്. കേന്ദ്രത്തിന്റെ സത്യവാങമൂലത്തിന് മറുപടി നൽകാൻ പരാതിക്കാർക്ക് അഞ്ച് ദിവസവും അനുവദിച്ചു. അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ വഖഫ് ഭൂമിയുടെ കാര്യത്തിലും വഖഫ് ബോർഡിന്റെ കാര്യത്തിലും തൽസ്ഥിതി തുടരുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന്മേലാണ് കോടതി നടപടി.

വിഷയത്തിൽ ഇത്രയേറെ ഹർജികൾ കൈകാര്യം ചെയ്യാനാകില്ലെന്നും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ വാദിഭാഗത്ത് അഞ്ച് പേരെ മാത്രമേ അനുവദിക്കൂ എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അഞ്ചുപേർ ആരൊക്കെ എന്നത് ഹർജിക്കാർക്ക് തീരുമാനിക്കാം. മറ്റ് ഹർജികൾ അപേക്ഷകളായി പരിഗണിക്കും.

വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കേന്ദ്രത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ചത്. കേസിൽ ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗത്തിലൂടെയോ വിജ്ഞാപനത്തിലൂടെയോ വഖഫ് ആയ സ്വത്തുക്കൾ അങ്ങനെ അല്ലാതാക്കില്ലെന്ന് സൊളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വഖഫ് ബോർഡുകളിലും കൌൺസിലിലും പുതിയ നിയമപ്രകാരം നിയമനം നടത്തില്ലെന്നും കേന്ദ്രം ഉറപ്പുനൽകി.

നിയമം പൂർണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ചില ആശങ്കകൾ ഉണ്ടെന്നും വാദത്തിനിടെ കോടതി പരാമർശിച്ചു.

You cannot copy content of this page