Breaking News

നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

Spread the love

ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിശദമായ വാദം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ജുഷ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെയും സമീപിച്ചത്.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

You cannot copy content of this page