Breaking News

പന്തല്‍ കെട്ടി പ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംങ് ടെസ്റ്റുകൾ മുടങ്ങി

Spread the love

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് പലയിടത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. പന്തൽ കെട്ടിയാണ് പ്രതിഷേധം. ടെസ്റ്റിന് എത്തിയവരെ സമരക്കാർ തിരിച്ചയച്ചു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്.

 

ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്തണമെന്ന് ടെസ്റ്റിന് വന്നവരും ആവശ്യപ്പെട്ടു. ടെസ്റ്റില്‍ പങ്കെടുക്കില്ലെന്നും ചിലര്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.

പത്തനംതിട്ടയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് നിലവാരമില്ലെന്നും പറഞ്ഞും പ്രതിഷേധമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയായ കെഎംഡിഎസ് അറിയിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.

ഭൂരിപക്ഷം ഡ്രൈവിങ് സ്‌കൂളുകളും കെഎംഡിഎസിന് കീഴിലാണ്. പുതിയ സാഹചര്യത്തില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്. സിഐടിയു പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്മാറിയെങ്കിലും പ്രതിഷേധം തുടരാനാണ് കെഎംഡിഎസിന്റെ തീരുമാനം. പരിഷ്‌കാരത്തില്‍ ഇളവ് വരുത്തിയെങ്കിലും ഉത്തരവില്‍ സെക്ഷന്‍ ഓഫീസര്‍ ഒപ്പ് വെക്കാത്തതിനാല്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇളവ് നിര്‍ദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

You cannot copy content of this page