കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് കെഎസ്ഇബി ഓഫീസ് ഒരു സംഘം ആക്രമിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരങ്കാവിൽ ആണ് സംഭവം. രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരങ്കാവ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഒരു സംഘം അക്രമം നടത്തിയെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി 12:30 യോടെയാണ് സംഭവം.
ഓവർ ലോഡിനെ തുടർന്ന് ഡ്രിപ്പായതോടെ നാല് തവണ കറന്റ് പോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ബോർഡ് തകർന്നിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന് നേരെ കല്ലെറിയും അസഭ്യം പറയുകയും ചെയ്തു. ശബ്ദം കേട്ട് ഷട്ടർ ഇട്ടതിനാൽ കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെന്ന് ജീവനക്കാർ പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയർ വി. വിനീതിന്റെ നേതൃത്വത്തിൽ പരാതി നൽകി.
പന്തീരങ്കാവ് പോലീസ് എത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.