Breaking News

‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; രാഷ്ട്രീയമായി നേരിടും’; എംവി ​ഗോവിന്ദൻ

Spread the love

മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും പ്രതിരോധമൊരുക്കി സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോ സർക്കാറോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കേസ് ഡൽഹി ഹൈക്കോടതിയിൽ കേട്ടുകൊണ്ടിരിക്കുകയാണ്. കേസ് വിശദമായി കേൾക്കുന്നതിന് വേണ്ടി തീയതി പോലും തീരുമാനിച്ചിട്ടുണ്ട്. കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റി പുതിയ ജഡ്ജി കേസ് വിശദമായി കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എംവി ​ഗോവിന്ദ​ൻ പറഞ്ഞു. ജൂലൈയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കെ ഇപ്പോൾ എസ്എഫ്ഐഒ ഈ നാടകം നടത്തുകയാണെന്ന് അദേഹം പറഞ്ഞു.

എസ്എഫ്ഐഒ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് എംവി ​ഗോവിന്ദൻ പറ‍ഞ്ഞു. ഇത് ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിത്. മൂന്നു വിജിലൻസ് കോടതികൾ, തിരുവനന്തപുരം കോടതി മൂവാറ്റുപുഴ കോടതി കോട്ടയം കോടതി എന്നിവ ഈ കേസ് സംബന്ധിച്ച്, അഴിമതി നിരോധന നിയമമനുസരിച്ച് മുഖ്യമന്ത്രിയെ പ്രതിചേർക്കുന്നതിന് ഒരു തെളിവുമില്ല എന്നാണ് പറഞ്ഞതെന്ന് എംവി ​ഗോവിന്ദൻ.

കോടതികൾ തള്ളിയ ശേഷം ഒരു കോൺഗ്രസ് എംഎൽഎ, ഹൈക്കോടതിയിലേക്ക് പോയി. കാര്യങ്ങൾ വിശദമായി പരിശോധിച്ച് ശേഷം ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ പ്രതിയാക്കുന്നതിന് വേണ്ടി മാധ്യമങ്ങളിൽ പറയുന്നതിനപ്പുറത്തേക്ക് ഒരു തെളിവും ഹാജരാക്കാൻ എംഎൽഎക്ക് സാധിച്ചിട്ടില്ല എന്നാണ്. ഹൈക്കോടതി വിധിയുടെ 61പാരഗ്രാഫിൽ, മറ്റു പേരുകൾ ഒന്നും എന്തുകൊണ്ട് പരാമർശിക്കപ്പെടുന്നില്ല എന്ന് ചോദിച്ചു. അത് എസ് എഫ് ഐ ഒ ക്ക് ബാധകമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ആരെങ്കിലും മാസപ്പടിക്ക് ടാക്സ് അടക്കുമോയെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണം മാത്രമാണ് ഈ കേസെന്ന് എംവി ​ഗോവിന്ദൻ പറ‍ഞ്ഞു. മാസപ്പടി എന്നത് മാധ്യമങ്ങൾ നൽകിയ പേരാണ്. മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിത്. ഈ രാഷ്ട്രീയത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കളങ്കപ്പെടുത്താനും മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യാനുമുള്ള ശ്രമം മാത്രമാണിത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കള്ള പ്രചാര വേലയാണിത്. മഴവിൽ സഖ്യമാണ് പ്രചരണത്തിന് പിന്നിൽ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ഉളുപ്പില്ലാത്ത സമീപനം സ്വീകരിക്കുകയാണ് പ്രതിപക്ഷമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

You cannot copy content of this page