ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവിലെ പരാമർശങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജഡ്ജിയുടെ ഭാഗത്തുണ്ടായത് തികഞ്ഞ അശ്രദ്ധയെന്ന് ജസ്റ്റിസ് ബി ആർ ഗവായ് നിരീക്ഷിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചു.
സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിൽ ആണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽഉണ്ടായത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ നീരിക്ഷണങ്ങൾ മനുഷ്യത്വരഹിതമായ സമീപനമെന്ന് വിമർശിച്ചാണ് വിവാദ ഉത്തരവിലെ പരാമർശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തത്.
ജഡ്ജിക്കെതിരെ ഇത്രയും പരുഷമായ വാക്കുകൾ ഉപയോഗിക്കേണ്ടി വരുന്നതിൽ ഖേദമുണ്ടെന്നും ജസ്റ്റിസ് ബി ആർ ഗവായ് ഉത്തരവിൽ പറഞ്ഞു. വാദം കേട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതിയുടെ വിവാദ വിധി എന്നും സുപ്രീംകോടതി നീരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ സുപ്രീംകോടതി ഉത്തരവ് കൈമാറാനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഉചിതമായ നടപടികൾ സ്വീകരിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ കേന്ദ്ര സർക്കാരിനും യുപി സർക്കാരിനും കേസിലെ കക്ഷികൾക്കും നോട്ടീസ് നൽകി.അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർദ്ദേശപ്രകാരമാണ് സ്വമേധയാ കേസെടുത്തത്. കേസിൽ കേന്ദ്രവും അലഹബാദ് ഹൈക്കോടതി വിധിയെ വിമർശിച്ചു.