Breaking News

ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Spread the love

ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. ബിജെപിയുടെ സുഷ്മ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് ഇതിനു മുന്‍പ് രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച വനിതകള്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് രേഖ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു.ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയും കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാര്‍ ജെയിനിനെയും പിന്തള്ളി 29,000 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത വിജയിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാർജ് സിങ് എന്നിവരും രേഖയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്.പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദ്, ഓം പ്രകാശ് ധന്‍ഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍, പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. രവിശങ്കര്‍ പ്രസാദ് രേഖ ഗുപ്തയെ നേതാവായി തെരഞ്ഞെടുത്തതായി ഔപചാരികമായി പ്രഖ്യാപിച്ചു. രേഖ ഗുപ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിനിധി എന്നീ മൂന്ന് ഘടകങ്ങള്‍ രേഖ ഗുപ്തക്ക് തുണയായി.

You cannot copy content of this page