Breaking News

മഹാ കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് യു പി പൊലീസ്

Spread the love

മഹാകുംഭമേളയില്‍ എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോശമായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സാമൂഹ്യമാധ്യമ കണ്ടെന്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി.

സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നതും വസ്ത്രം മാറുന്നതുമായ ദൃശ്യങ്ങള്‍ ചില പ്ലാറ്റ്‌ഫോമുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കോത്‌വാലി കുംഭമേള പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി 17നാണ് ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് വിഷയത്തില്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള വീഡിയോകള്‍ വില്‍ക്കാനായി വച്ച ടെലഗ്രാം ചാനലിനെതിരെയാണ് കേസ്. ചാനലിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

മെറ്റയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിനും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നതിനുമായാണിത്. മഹാകുംഭമേളയുമായി ബന്ധപ്പെട്ട് തെറ്റിധരിപ്പിക്കുന്ന കണ്ടന്റ് പ്രചരിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You cannot copy content of this page