തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഗോപന് നിരവധി അസുഖങ്ങളെന്ന് റിപ്പോര്‍ട്ടില്‍ വിവരം. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കണ്ടെത്തി. ഹൃദയധമനികളില്‍ 75ശതമാനത്തിലധികം ബ്ലോക്കുണ്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഗോപന്റേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിൽ നേരത്തെ വ്യക്തമായിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു.