തിരുവനന്തപുരം: കെഎസ്ഇബിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വ്യാപക തട്ടിപ്പ്. സംഭവത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തി. ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് മുങ്ങുന്ന സംഘങ്ങൾ നിരവധിയാണെന്നും ഇത്തരത്തിലുള്ളവരെ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.
കെഎസ്ഇബി തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സി വഴി മാത്രമാണ് നടക്കുന്നതെന്നും താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്നും അധികൃതർ പറഞ്ഞു.കെഎസ്ഇബിയിലെ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്യുകയും രജിസ്‌ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ഇത്തരത്തിൽ ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ടെന്നും കെഎസ്ഇബി ഇത്തരത്തിൽ പണം ഈടാക്കി ജോലി വാഗ്ദാനം ചെയ്യുന്നില്ലെന്നും അധികൃതർ അറിയിച്ചു.