Breaking News

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് : വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍

Spread the love

കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ റാഗിങ് നടന്നത് പിറന്നാള്‍ ചിലവിന്റെ പേരിലെന്ന് പൊലീസ്. പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. മുന്‍പും ക്രൂരപീഡനം നടന്നതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. മുന്‍പും മദ്യപിക്കുന്നതിന് വേണ്ടി ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കത്തി കഴുത്തില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്.

റാഗിങിന് ഇരയായ വിദ്യാര്‍ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുന്‍പും നടന്നതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതായി സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ ഉള്ള പ്രതികള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. റാഗിംങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ വിശദമായ മൊഴിയും വിശദമായി രേഖപ്പെടുത്തി. പ്രതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്യു ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

വിഷയത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തില്‍ ആണ് സംഭവം നടന്നത്. ഇടപെടുന്നതിന് പരിമിതിയുണ്ട് . എങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാലത്ത് കുട്ടികളില്‍ കാര്യമായ സ്വഭാവ വൈകല്യം കാണുന്നുണ്ട്. അത് മാറ്റാന്‍ സമൂഹവും മുന്നിട്ടിറങ്ങണം – മന്ത്രി വ്യക്തമാക്കി.

You cannot copy content of this page