തടി കൂടുന്നതിൽ ആശങ്കപ്പെടാത്തവരായി അധികമാരും കാണില്ല. തടി കുറയ്ക്കാൻ പല വഴികളും പലരും തേടാറുണ്ട്. തേൻ ചാലിച്ച ചൂട് നാരങ്ങാവെള്ളം ഇതിനൊരു മാന്ത്രിക ഔഷധമാണെന്ന നിലയിൽ പൊതുവെ പറയുന്നുണ്ട്. ഈ പാനീയം കുടിച്ച് ദിവസം തുടങ്ങുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു.എന്നാൽ ഇത് പരീക്ഷിച്ച് തനിക്കുണ്ടായ അനുഭവം പറഞ്ഞുള്ള വ്യവസായി ഹർഷ് ഗോയങ്കയുടെ പോസ്റ്റ് ഇപ്പോൾ വൈറലാണ്. രണ്ട് മാസം തേൻ-നാരങ്ങാ വെള്ളം കുടിച്ച ശേഷം കുറഞ്ഞത് തടിയല്ലെന്നും മറിച്ച് തേനിൻ്റെയും നാരങ്ങയുടെയും അളവാണെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് മാസത്തേക്ക് എല്ലാ ദിവസവും രാവിലെ തേൻ ചേർത്ത് നാരങ്ങാനീര് കുടിച്ചാൽ 2 കിലോ ഭാരം കുറയുമെന്ന് എന്നോട് പറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷം, എനിക്ക് 2 കിലോ നാരങ്ങയും 3 കിലോ തേനും കുറഞ്ഞു.” എന്നാണ് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചത്.
കുറിപ്പിന് താഴെ പലതരം അഭിപ്രായ പ്രകടനങ്ങളാണ് ഉയരുന്നത്. ഇത് വിപണന തന്ത്രമാണെന്നും ചൂടുവെള്ളത്തിൽ തേൻ ചാലിച്ച് കുടിച്ചാൽ തടി കുറയുമെന്നും നാരങ്ങ വേണ്ടെന്നും അടക്കം പല തരത്തിലാണ് അഭിപ്രായങ്ങൾ ഉയർന്നത്.
അതേസമയം രാവിലെ തേൻ ചാലിച്ച നാരങ്ങാവെള്ളം കുടിച്ചാൽ ശരീറഭാരം കുറയുമെന്നാണ് കൺസൾട്ടൻ്റ് ഡയറ്റീഷ്യയായ കനിക മൽഹോത്രയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.