Breaking News

‘നന്നായി ഉറങ്ങൂ, കൈയ്യെഴുത്തും ഡിഗ്രിയും നോക്കിയിരിക്കേണ്ട’; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് പറഞ്ഞത്

Spread the love

പരീക്ഷേ പേ ചർച്ചയുടെ ഓൺലൈൻ രീതിയിൽ നിന്ന് ഇടവേളയെടുത്ത് കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ രാജ്യമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരോടും അദ്ദേഹം നേരിട്ട് സംസാരിച്ചത്. പ്രധാനപ്പെട്ട ബോർഡ് പരീക്ഷകൾ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അദ്ദേഹം ഉപദേശങ്ങൾ നൽകി. എന്നാൽ ആ ഉപദേശങ്ങളിൽ പലതും പ്രധാനമന്ത്രിയുടെ പറഞ്ഞുകേട്ട ജീവിതവുമായി പല നിലയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്.പോഷകാഹാരത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സീസണൽ പഴങ്ങൾ കഴിക്കുന്നത് ശീലമാക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. ജീവിതത്തിൽ വിജയിക്കുന്ന ആരോടും ആരും ബിരുദമേതെന്നോ എവിടെയാണ് പഠിച്ചതെന്നോ പത്താം ക്ലാസിൽ എത്ര മാർക്ക് നേടിയോ എന്നോ ചോദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഡിഗ്രികളെക്കുറിച്ച് ചിന്തിക്കേണ്ടെന്നും പറഞ്ഞു.

പാർലമെന്റ് വെബ്‌സൈറ്റിലെ വിദ്യാഭ്യാസ യോഗ്യത പ്രകാരം മോദിക്ക് അഹമ്മദാബാദ്, ഡൽഹി സർവകലാശാലകളിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎയും എംഎയും ഉണ്ട്. എന്നാൽ ഈ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഇപ്പോഴും ചൂടേറിയ ചർച്ച നടക്കുന്നുണ്ട്.

തൻ്റെ കൈയ്യക്ഷരം മോശമായിരുന്നെന്നും അത് നന്നാക്കാൻ അധ്യാപകർ ഏറെ പരിശ്രമിച്ചിട്ടും ഫലം കണ്ടില്ലെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. ഓർമ്മിക്കാൻ സാധിക്കുന്നതെല്ലാം വായിക്കണമെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് ഒന്നും ഓർമ്മയില്ലെന്നും പറഞ്ഞു. എന്നാൽ മുൻപൊരു അഭിമുഖത്തിൽ തനിക്ക് ഫോട്ടോജെനിക് മെമ്മറി ഉണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. രേഖകൾ പൂർണമായി വായിക്കാതെ ഒറ്റ നോട്ടം നോക്കി മാറ്റിവെയ്ക്കുന്ന തനിക്ക് എല്ലാം ഓർത്തെടുക്കാൻ സാധിക്കാറുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേ അഭിമുഖത്തിൽ താൻ ഒരു കോളേജിലും പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നന്നായി ഉറങ്ങണമെന്നായിരുന്നു വിദ്യാർത്ഥികളോടുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു ഉപദേശം. രോഗങ്ങളില്ലാത്തത് ആരോഗ്യക്ഷമതയുടെ അടയാളമല്ല. ആരോഗ്യം പോഷകാഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നന്നായി ഉറങ്ങുക എന്നത് പ്രധാനമാണ്. ആരോഗ്യക്ഷമതയ്ക്ക് ഉറക്കം പ്രധാനമാണ്. മുഴുവൻ വൈദ്യശാസ്ത്രവും ഒരു രോഗി രാത്രിയിൽ എത്ര നന്നായി ഉറങ്ങുന്നു, എത്ര മണിക്കൂർ ഉറങ്ങുന്നു എന്നതിനെ കുറിച്ച് പറയുന്നുണ്ടെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളെ ഉപദേശിച്ചു. എന്നാൽ വർഷങ്ങളായി ബിജെപി നേതാക്കളടക്കം ആവർത്തിച്ച് പറയുന്നത് പ്രധാനമന്ത്രി രാത്രിയിലും കഠിനമായി ജോലി ചെയ്യുന്നുവെന്നും അദ്ദേഹം വളരെ കുറച്ച് മാത്രമേ ഉറങ്ങാറുള്ളൂവെന്നുമാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടൻ സെയ്‌ഫ് അലി ഖാനും അദ്ദേഹം മൂന്ന് മണിക്കൂർ മാത്രമേ രാത്രി ഉറങ്ങാറുള്ളൂവെന്ന് പറഞ്ഞിരുന്നു.

You cannot copy content of this page