ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി വിതച്ച് കടുവക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിലാണ് കടുവകൾ കൂട്ടത്തോടെ ഇറങ്ങിയത്. മൂന്ന് കടുവകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടുവകൾ കൂട്ടമായി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചു.
കഴിഞ്ഞ വർഷവും പ്രദേശത്ത് നിന്ന് ഒരു കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. കൂട്ടത്തോടെ കടുവകൾ ഇറങ്ങുന്നത് ഭീതിയിലാഴ്‌ത്തിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.