തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ കൂടിക്കാഴ്ച്ച നടക്കില്ല. ജാവഡേക്കറിനെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല, ജയരാജന്റെ കൂട്ടുകെട്ടിനെയാണ് വിമർശിച്ചത് കെ.സി മാധ്യമങ്ങളോട് പറഞ്ഞു.
ഇത് കുറേനാളായി നടക്കുന്ന ഡീലാണ്. CPM- BJP അവിഹിത ബന്ധത്തിന് കളമൊരുക്കലാണ് ഈ കൂടിക്കാഴ്ച. ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ലെന്നും കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു. ഇ.പി- ജാവഡേക്കർ ബന്ധത്തിൽ സി.പി.എം മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ഈ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കെന്നും കെ.സി പറഞ്ഞു.